ലഹരി

ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത്‌ എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരന് ഒരു സ്കൂട്ടര്‍ ഉണ്ടായിരുന്നു. പലപ്പോഴും അവന്‍ കോളജില്‍ എത്തിയിരുന്നത്‌ അതിലായിരുന്നു. ഒരിക്കല്‍ കണ്ണൂരിലെ ഒരു ബാറിലെ ചെറിയ പാര്‍ട്ടിയില്‍ പങ്കെടുത്തു സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അല്‍പ്പം മദ്യം കഴിച്ചിരുന്നെങ്കിലും സ്കൂട്ടറില്‍ കയറുമ്പോള്‍ അതിന്റെ ഇഫക്ട്‌ തലയിലെത്തിയിരുന്നില്ല. പക്ഷെ... പോയ്ക്കൊണ്ടിരിക്കും തോറും ഇഫക്ട്‌ കയറാന്‍ തുടങ്ങി. സമയം രാത്രിയും. താവക്കരയിലെ വണ്‍ വേയില്‍ ഇടതു ഭാഗത്തുകൂടെ പോകേണ്ട അവന്‍ പോയതോ വലതു ഭാഗത്തെ റോഡിലൂടെ. പെട്ടെന്ന് റോഡിന്റെ ഇടതുവശത്തുകൂടെ ഒരു ബൈക്ക്‌ വന്നു. അവന്‍ വലതുവശത്തേക്ക്‌ മാറ്റി, അപ്പോള്‍ വലതുവശത്തൂകൂടെ വേറൊരെണ്ണം വന്നപ്പോള്‍ ഇടതുവശത്തേക്കു മാറ്റി. പക്ഷേ.. അടുത്തതായി ഇടത്തുനിന്നും വലത്തുനിന്നും ഒരുമിച്ച്‌ രണ്ടു ബൈക്കുകള്‍ വരുന്നതു കണ്ട അവന്‍ പെട്ടെന്ന് എന്തുചെയ്യണമെന്നറിയാതെ മദ്യത്തിന്റെ ലഹരിയില്‍ രണ്ടു ബൈക്കുകള്‍ക്കും നടുവിലൂടെ പോകാന്‍ ശ്രമിച്ചു. പക്ഷെ എവിടെയോ ചെന്നിടിച്ച്‌ റോഡില്‍ തെറിച്ചുവീണ അവനെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവം അറിഞ്ഞ്‌ ഞങ്ങള്‍ ആശുപത്രിയില്‍ എത്തി വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. നീ എങ്ങിനെ റോഡില്‍ തെറിച്ചുവീണു എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ വേദന കടിച്ചമര്‍ത്തി അവന്‍ ഇങ്ങനെ പറഞ്ഞു.

" അവസാനം വന്നത്‌ രണ്ട്‌ ബൈക്കായിരുന്നില്ലെടാ... അതൊരു ലോറി ആയിരുന്നു"

അനൌണ്‍സ്മെന്ട്

എന്ടെ നാട്ടില്‍ എല്ലാ വര്‍ഷവും തയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ഒരു ഉത്സവമുണ്ട്‌. ഈ തെയ്യക്കോലങ്ങള്‍ കെട്ടിയാടപ്പെടുന്നത്‌ കൊയ്ത്തുകഴിഞ്ഞ ഒരു വയലിലാണ്. അതുകൊണ്ടുതന്നെ വയല്‍തിറ മഹോത്സവം എന്നാണ് അത്‌ അറിയപ്പെടുന്നത്‌. രണ്ടു ദിവസങ്ങളിലായാണ് ഉത്സവം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു ഉത്സവത്തിന്റെ രണ്ടാം ദിവസം, എല്ലാവരും അവസാനത്തെ തെയ്യക്കോലത്തിന്റെ ഉറഞ്ഞുതുള്ളലില്‍ മുഴുകിയിരിക്കുകയാണ്. ഇനിയുള്ള പണിയൊക്കെ പെട്ടെന്നു തീര്‍ത്തുകളയാം എന്നു കരുതിയ ഉത്സവപ്പറമ്പിലെ മൈക്ക്‌ ഓപ്പറേറ്റര്‍ അവിടെ സ്ഥാപിച്ചിരുന്ന ട്യൂബ്‌ ലൈറ്റുകളൊക്കെ അഴിച്ചു മാറ്റാന്‍ തുടങ്ങി. അപ്പോഴാണ് വയലിന്റെ വരമ്പിനുമുകളില്‍ക്കൂടിയിട്ട വയറിനുമുകളില്‍ ആള്‍ക്കാര്‍ കയറി നില്‍ക്കുന്നതു കണ്ടത്‌. ആള്‍ക്കാരോട്‌ മാറിനില്‍ക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും ആരും അതു കേട്ടതായി ഭാവിച്ചില്ല. അപ്പൊഴാണ് അദ്ദേഹത്തിനു അങ്ങനെയൊരു ബുദ്ധി ഉദിച്ചത്‌. അദ്ദേഹം നേരെ മൈക്ക്‌ സ്റ്റാളിലേക്ക്‌ ചെന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. "ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌...
ദയവായി വരമ്പത്തു നിന്നവര്‍ വയറിളക്കുക".

ഇളനീര്‍

എന്റെ പറമ്പിലെ തെങ്ങില്‍ ഇളനീര്‍ ഉണ്ടെങ്കിലും മറ്റുള്ളവരുടെ പറമ്പിലെ തെങ്ങില്‍ കയറി ഇളനീര്‍ പറിച്ചു കുടിക്കുക എന്നത്‌ ഞാന്‍ അടക്കമുള്ള എന്റെ നാട്ടിലെ യുവാക്കളുടെ ഒരു ഹരമായിരുന്നു. ഒരു ദിവസം നേരം ഇരുട്ടിത്തുടങ്ങിയ സമയത്ത്‌ ഇളനീര്‍ പറിക്കാനുള്ള ആന്നത്തെ യജ്ഞം ഞങ്ങള്‍ ആരംഭിച്ചു. സാധാരണ തെങ്ങില്‍ കയറാറുള്ള വിരുതന്‍ ഒരു ഉയരം കുറഞ്ഞ തെങ്ങ്‌ നോക്കി വലിഞ്ഞു കയറി. ആദ്യം ഒരു ഇളനീര്‍ വീഴുന്ന ഒച്ച കേട്ട്‌ താഴെ നിന്നവന്‍ ഒച്ച ഉണ്ടാക്കാതെ പറിക്കാന്‍ താക്കീത്‌ നല്‍കി. പക്ഷെ അടുത്തത്‌ ഒരു കുല ഇളനീര്‍ താഴെ വീണ ശബ്ദമാണ് കേട്ടത്‌. ഇതില്‍ അരിശം പൂണ്ട താഴെ നിന്നവന്‍ പറഞ്ഞു
"എടാ... നിന്നോട്‌ ഒച്ച ഇണ്ടാക്കാതെ പറിക്കാന്‍ പറഞ്ഞിട്ട്‌... നീയന്തിനാ ഒരു കുല മുഴുവന്‍ പറച്ചിട്ടേ..."

ഇതുകേട്ട്‌ തെങ്ങില്‍ കയറിയവന്‍ പറഞ്ഞു

"ഇതു കുലയല്ലടാ... ഞാനാ..."

ഇതു പറയുമ്പോള്‍ അവന്‍ താഴെ തെങ്ങിന്‍ ചുവട്ടില്‍ വീണുകിടക്കുകയായിരുന്നു

മോനെ ദിനേശാ...

എന്റെ വീടിനടുത്ത്‌ ദിനേശന്‍ എന്നൊരാള്‍ അനാദിക്കച്ചവടം ചെയ്തിരുന്ന കാലം.
ഒരുദിവസം ഒരു എട്ടോ ഒമ്പതോ പ്രായം തോന്നിക്കുന്ന ഒരു കൊച്ചുപയ്യന്‍ കയറിവന്നിട്ട്‌ പറഞ്ഞു

"മോനെ ദിനേശാ... രണ്ട്‌ ഉര്‍പ്യക്ക്‌ ദിനേശ്‌ ബീഡി"

പൊതുവേ സൗമ്യശീലക്കാരനായ ദിനേശേട്ടന്‍ ഒന്നു ഞെട്ടി.

ആരോ ബീഡി വാങ്ങാന്‍ വേണ്ടി പറഞ്ഞയച്ചതാണാ പയ്യനെ.

മോഹന്‍ലാല്‍ അഭിനയിച്ച 'നരസിംഹം' എന്ന സിനിമ പുറത്തുവന്ന സമയമായിരുന്നു അപ്പോള്‍. ആ കാര്യം നമ്മുടെ പാവം ദിനേശേട്ടനോ; ഇദ്ദേഹത്തിന്റെ പേര്‍ ദിനേശന്‍ എന്നാണെന്ന് ആ പയ്യനോ അറിഞ്ഞിരുന്നില്ല.

Rs. 500

നമ്മുടെ നാട്ടിലൊക്കെ മൊബൈല്‍ ഫോണ്‍ പ്രചാരം നേടിത്തുടങ്ങുന്ന കാലം. ഒരു പ്രമുഖ മൊബൈല്‍ കമ്പനി 500 രൂപക്ക്‌ (ബാക്കി തുക തവണകളായി അടച്ചാല്‍ മതി) ഒരു സൂപ്പര്‍ മൊബൈല്‍ വിപണിയില്‍ ഇറക്കിയ സമയം . 500 രൂപ കൊടുത്ത്‌ എന്റെ ഒരു കൂട്ടുകാരനും ആ മൊബൈല്‍ ഒന്നു കരസ്തമാക്കി. ഒരു ദിവസം ഒരു സിനിമ കാണുവാന്‍ വേണ്ടി നഗരത്തിലെ പ്രശസ്തമായ ഒരു ടാക്കീസില്‍ കയറി. സിനിമ കണ്ടുകൊണ്ടിരിക്കേ മൊബൈലില്‍ ഒരു കോള്‍ വന്നു. ഫോണ്‍ ചെവിയില്‍ വെച്ച്‌ സംസാരിക്കാന്‍ തുടങ്ങിയതും പുറകെ ഇരുന്ന ആരോ വിളിച്ചു കൂവി " അയ്യോ അഞ്ഞൂറ്..." (500 രൂപക്ക്‌ ആര്‍ക്കും കിട്ടും എന്നുള്ളതുകൊണ്ട്‌ നാട്ടുകാരുടെ ഇടയില്‍ ആ ഫോണിന് അങ്ങനെയൊരു വിളിപ്പേരുണ്ടായിരുന്നു) ഇതു കേട്ട്‌ അരിശം പൂണ്ട എന്റെ കൂട്ടുകാരന്‍ എഴുന്നേറ്റ്‌ നിന്ന്‌ വിളിച്ചുകൂവിയ മാന്യനോടായി ഉറക്കെ ചോദിച്ചു

" ബാക്കി നിന്റെ അച്ഛന്‍ അടക്വോ..."

അവിടെയിരുന്നുതന്നെ ആ സിനിമ മുഴുവന്‍ കാണാനുള്ള മാനസികശേഷി ആ മാന്യന് ഉണ്ടായിരുന്നില്ല എന്നാണ് പിന്നീടറിഞ്ഞത്‌.

പുലി

എല്‍. പി. സ്കൂളിലെ മലയാളാദ്ധ്യാപകനായ നാരായണന്‍ മാസ്റ്റര്‍ നാലാം ക്ലാസ്സിലെ വായാടിയായ ബിജുക്കുട്ടനോടു ചോദിച്ചതിങ്ങനെ
"സിംഹം കാട്ടിലെ ആരാണ്.. ?''

ബിജുക്കുട്ടന്‍ പറഞ്ഞതോ ദാ... ഇങ്ങനെ
'' അവന്‍ പുലി അല്ലെ മാഷേ...... പുലി ''

ശൈലീവൈഭവം

സദാനന്ദന്‍ ചേട്ടന് രണ്ട് മക്കളാണ്.
വിജ്ഞാനകുതുകികളായ രണ്ട് മിടുക്കന്‍മാര്‍.

സദാനന്ദന്‍ ചേട്ടന്‍ എന്തു ചെയ്യുമ്പോഴും അവര്‍ ചോദിക്കും.

അച്ഛാ... എവിടെ പോകുന്നു എന്നു ചോദിച്ചാല്‍ സദാനന്ദന്‍ ചേട്ടന്‍ പറയും "ഒന്നും കാണാതെ അച്ഛന്‍ എവിടേയും പോകില്ല മക്കളേ" എന്ന്.

അച്ഛാ എന്താ ചെയ്യുന്നത് എന്നു ചോദിച്ചാല്‍
"ഒന്നും കാണാതെ അച്ഛന്‍ ഒന്നും ചെയ്യില്ല മക്കളേ" എന്നു പറയും.

ഒരിക്കല്‍ വെള്ളം കോരാനായി കിണറ്റിന്‍കരയിലേക്ക് പോയ നമ്മുടെ സദാനന്ദന്‍ ചേട്ടന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു. ഇതു കണ്ടുനില്‍ക്കുകയായിരുന്ന ഇളയ മകന്‍ വിളിച്ചുകൂവി
"ഏട്ടാ ഓടിവാ അച്ഛന്‍ കെര്ണ്ടില് വീണു...''

മൂത്ത മകന്‍ ഓടിയെത്തി നോക്കിയപ്പോള്‍ മുങ്ങിത്താഴുന്ന സദാനന്ദന്‍ ചേട്ടനെയാണു കണ്ടത്.
ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അനുജനോടായി പറഞ്ഞു
"എടാ അനിയാ... അച്ഛന്‍ ഒന്നും കാണാതെ കെര്ണ്ടില് തുള്ളില്ല''