തലവേദന

തലവേദനയുടെ ആയുര്‍വേദ ചികിത്സക്ക് പോയ എന്റെ അമ്മക്ക്‌ അടുത്ത തവണ പോകുമ്പോള്‍പൂരിപ്പിച്ച് കൊടുക്കാന്‍ കിട്ടിയ ഫോറം അമ്മ വായിക്കുകയായിരുന്നു. വീട്ടില്‍ വേറെ ആര്‍ക്കെന്ഖിലുംതലവേദന ഉണ്ടോ? എന്നത് വായിച്ചപ്പോ
അച്ചന്‍ : എല്ലാവര്‍ക്കും ഉണ്ട്
അമ്മ : എന്നിട്ട് ഞാന്‍ അറിഞ്ഞില്ലല്ലോ...
അച്ചന്‍ : നീ എങ്ങനെ അറിയാനാ... നീ ആണല്ലോ നമ്മുടെ തലവേദന...

നിനച്ചിരിക്കാതെ കിട്ടിയ പണി

പാമ്പ് കടിയേറ്റു ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കിടക്കുകയാണ് എന്റെ ഒരു കൂട്ടുകാരന്‍ എന്ന്അറിഞ്ഞാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയത്‌. കുറെ സമയം പുറത്തു കാത്തു നിന്ന അവന്റെ ഒരുനാട്ടുകാരന്‍ വെറുതെ ഇരുന്നു മടുത്തപ്പോ... അവിടെ ഉണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവരോട് കുശലം പറയാന്‍ ചെന്നു‌.
സാദാരണ പോലെ... അദ്ദേഹം കുശലം തുടങ്ങി..
"എന്തൊക്കെയാ... പണി ഒക്കെ ഇല്ലേ... "
ആംബുലന്‍സ് ഡ്രൈവര്‍ : "ഇപ്പൊ കുറച്ചു കുറവാ.. എന്താ ഒരു പണി തരുന്നോ..??"

കൂട്ടുകാരന്റെ അവസ്ഥ ആലോചിച്ചപ്പോ ... പിന്നെ ഒന്നും തന്നെ പറയാന്‍ അദ്ധേഹത്തിന്റെ നാവ്‌ പൊങ്ങിയില്ലാ.

നല്ല സമയം

പ്രമുഖ വാച്ച് നിര്‍മാതാക്കള്‍ ആയ 'ടൈറ്റാന്‍' കമ്പനിയുടെ കണ്ണൂര്‍ സിറ്റി സെന്റെര്‍ ഷോറൂമിലെ സെയില്‍സ്‌ മാന്‍ ആണ് എന്റെ ഒരു സ്നേഹിതന്‍. കുറച്ചു കാലം മുന്നേ അവരുടെ കമ്പനിയുടെ റേഡിയോ പരസ്യം ഇങ്ങനെ ആയിരുന്നു.

"ചേട്ടാ സമയം എത്രയായി?"
"നല്ല സമയം തന്നെ"

"മോനേ സമയം എത്രയായി"
"നല്ല സമയം തന്നെ"

അതായത്‌ ആര് സമയം ചോദിച്ചാലും "നല്ല സമയം തന്നെ" എന്നാണു മറുപടി.

പരസ്യം കേട്ടുതുടങ്ങിയ സമയത്ത് ഒരു ദിവസം... വെറുതെ ഷോപ്പിനു പുറത്തിറങ്ങിയ എന്റെസ്നേഹിതന് അടുത്തേക്ക്‌
ചെറിയ ഒരു ചിരിയോടെ ഒരു പെണ്‍കുട്ടി നടന്നു വന്നു. എന്നിട്ട് ചോദിച്ചു...
"ചേട്ടാ... സമയം എത്ര ആയി"
പെട്ടെന്ന് തന്നെ വാച്ച് നോക്കി അവന്‍ പറഞ്ഞു..
"നാലേ കാലായി"
അപ്പൊ പെണ്‍കുട്ടി ചിരിഅടക്കിക്കൊണ്ട് ചോദിച്ചു...
"അപ്പൊ നല്ല സമയം അല്ല അല്ലേ....."

എന്നോട്‌ ഇതു പറയുമ്പോഴും അവന്റെ മുഖത്തുണ്ടായിരുന്നു അന്നത്തെ ആ ചമ്മല്‍.

തൂങ്ങി മരണം

കോളേജില്‍ പഠിക്കുന്ന കാലത്ത് അത്യാവശ്യം പോക്കറ്റ് മണിക്ക് വേണ്ടി പത്രം കൊണ്ടുനടന്ന കാലം. എനിക്ക് അസൗകര്യം ഉള്ളപ്പോ എന്നെ ഹെല്‍പ്പ് ചെയ്തിരുന്നത് എന്‍റെ ഒരു കൂടുകാരന്‍ ആയിരുന്നു. അവന്‍ എന്നെക്കാള്‍ നേരത്തേ പത്രം കൊടുത്തു തിരിച്ചു വരുമായിരുന്നു. അത് കൊണ്ടു തന്നേ വളരെ നേരത്തേ പുറപ്പെടും. വെളിച്ചം വരുന്നതിനു മുന്നേ തന്നേ അന്നും അവന്‍ പത്രം കൊണ്ടു പുറപ്പെട്ടു. കുറച്ചു ദൂരം ചെന്നപ്പോള്‍ അവന്‍ ആ കാഴ്ച കണ്ടു പൊതുവെ ദൈര്യം നടിക്കാറുള്ള അവന്‍ പേടിച്ചു വിറച്ചു. റോഡിനു അരികെ ഉള്ള ഒരു മരത്തില്‍ വെളുത്ത മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ച ഒരാള്‍ തൂങ്ങി മരിച്ചിരിക്കുന്നു. ഒരു തവണയെ അവന്‍ അത് നോക്കിയുള്ളു‌ വീണ്ടും നോക്കാന്‍ അവന്റെ ദൈര്യം സമ്മതിച്ചില്ലാ. സര്‍വ്വ ശക്തിയും എടുത്ത് സൈക്കിള്‍ ആഞ്ഞു ചവിട്ടി ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ടു. അന്നത്തെ പത്രം ഒക്കെ പെട്ടെന്ന് കൊടുത്ത് തീര്‍ത്ത് അവന്‍ പെട്ടെന്ന് മടങ്ങി വന്നു. അവിടെ ഇപ്പൊ ആളുകള്‍ കൂടിയിട്ടുണ്ടാകും എന്ന് അവന് തോന്നി. ദൂരെ നിന്നു നോക്കി. ഇല്ല അവിടെ ആരും തന്നെ ഇല്ല. പക്ഷെ തൂങ്ങി മരിച്ച ആളെ ദൂരെ നിന്നു തന്നെ കാണാം.

അവന്‍ പേടിയോടെ അതിന് അടുത്തെത്തി... തൂങ്ങി നിന്ന ആള്‍ തന്നെ നോക്കി ചിരിക്കുന്നു. അവനും ചിരി അടക്കാനായില്ല. അപ്പോഴാണ്‌ അവന് ശ്വാസം നേരെ വീണത്. ആ സമയം ഒരു വോട്ടെടുപ്പ് കാലമായതിനാല്‍ സ്ഥാനാര്‍ഥിയുടെ ഒരു പൂര്‍ണ്ണകായ ഫോട്ടോ തൂക്കിയിട്ടിരിക്കുകയായിരുന്നു. വെളിച്ചം കുറവായതിനാല്‍ വെളുത്ത രൂപം മാത്രമെ അവന്‍ കണ്ടുള്ളു‌