ഫലൂദയും പിന്നെ....

കോളജില്‍ പഠിക്കുന്ന കാലത്ത്‌ അതിനടുത്തുള്ള ഒരു ഐസ്ക്രീം പാര്‍ലറില്‍ വല്ലപ്പോഴുമൊക്കെ പോയി കുറച്ചു സമയം ചിലവഴിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങള്‍ നാലുപേര്‍ ഫലൂദ കഴിച്ചുകഴിഞ്ഞിട്ടും എന്തൊക്കെയോ തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത്‌ കൂട്ടുകാരന്റെ കൈ തട്ടി ഒരു ഗ്ലാസ്സ്‌ താഴെവീണുടഞ്ഞു. അതുവരെ തമാശ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ മുഖം പെട്ടെന്ന് മ്ലാനമായി. പാര്‍ലര്‍ ഉടമ വഴക്കു പറയുമോ എന്നു പേടിച്ചുകൊണ്ടു എന്റെ കൂട്ടുകാരന്‍ കാശ്‌ കൊടുക്കാന്‍ നേരം ഇങ്ങനെയാ പറഞ്ഞത്‌

"നാലു ഫലൂദയും ഒരു ഗ്ലാസ്സും"

ഞങ്ങള്‍ സ്തിരം സന്ദര്‍ശകരായതു കൊണ്ടാകാം അദ്ദേഹം ഒരു ചെറുപുഞ്ചിയോടെ "സാരമില്ല" എന്നു പറഞ്ഞതോടെ ഞങ്ങളിലെ മ്ലാനക്കിളി പറന്നുപോയി.

ടിഷ്യൂ പേപ്പര്‍

തന്റെ ദുബായിലുള്ള കടയിലേക്ക്‌ ഒരാളെ വേണമല്ലോ എന്നു കരുതിയാണ് പ്രകാശന്‍ ഷിജുവിനെ ദുബായിലേക്ക്‌ കൂട്ടിയത്‌. അവന്‍ ആളൊരു നിഷ്കളങ്കനായിരുന്നു. കടയില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി അവനോടു പ്രകാശന്‍ പറഞ്ഞു

"ആരെങ്കിലും എന്തെങ്കിലും സാധനത്തിനു വന്നാല്‍ ആ സാധനം സ്റ്റോക്കില്ലെങ്കില്‍ അയാളെ വെറുതെ മടക്കി അയക്കരുത്‌. അവര്‍ ആവശ്യപ്പെട്ട പോലുള്ള വേറെ എന്തെങ്കിലും സാധനം എടുക്കാന്‍ പ്രേരിപ്പിക്കണം" എന്ന്.

ഒരു ദിവസം ഒരാള്‍ കടയില്‍ വന്നു പറഞ്ഞു "രണ്ടു പേക്കറ്റ്‌ ടിഷ്യൂ പേപ്പര്‍"

അതു സ്റ്റോക്കില്ലെന്ന കാര്യം ഓര്‍ത്ത ഷിജു ഇങ്ങനെ ചോദിച്ചു

"ടിഷ്യൂ പേപ്പര്‍ സ്റ്റോക്കില്ല... കുറച്ചു സാന്റ്‌ പേപ്പര്‍ എടുക്കട്ടെ...???"

ഒന്നും കൊടുക്കാതെ മടക്കി അയക്കരുതല്ലോ...!

വിലപേശല്‍

ഇന്നത്തെ ഉപഭോഗസംസ്കാരത്തില്‍ കിട്ടേട്ടനെപ്പോലുള്ളവര്‍ക്കേ ജീവിക്കാന്‍ പറ്റൂ. എന്തു സാധനം വാങ്ങുമ്പോഴും വിലപേശി പരമാവധി ചെറിയ വിലകൊടുത്ത്‌ കരസ്തമാക്കുക എന്നത്‌ കിട്ടേട്ടന്റെ ശീലമായിപ്പോയി. അധികമൊന്നും ബസ്സില്‍ യാത്ര ചെയ്യാത്ത നാട്ടിന്‍പുറത്തുകാരനായ നമ്മുടെ കിട്ടേട്ടന്‍ ഒരിക്കല്‍ ഒരത്യാവശ്യകാര്യത്തിനായി കണ്ണൂരിലേക്ക്‌ പോകുവാനായി ബസ്സില്‍ കയറി.

"ടിക്കറ്റ്‌ ടിക്കറ്റ്‌"
കണ്ടക്ടര്‍ അടുത്തെത്തി.

കണ്ടക്ടര്‍ : "എങ്ങോട്ടാ..."

കിട്ടേട്ടന്‍ : "കണ്ണൂരേക്ക്‌ എത്രയാ പൈസ...?"

കണ്ടക്ടര്‍ : "പത്തുര്‍പ്യ"

കിട്ടേട്ടന്‍ : "ചൊവ്വക്കേക്കോ...?"

കണ്ടക്ടര്‍ : "എട്ടേ അമ്പത്‌"

അതു കേട്ടതും കണ്ണൂരിലേക്ക്‌ പോകേണ്ടിയിരുന്ന നമ്മുടെ കിട്ടേട്ടന്‍ പറഞ്ഞു.

"എന്നാ... ഒരു ചൊവ്വ"

മറവി

ശങ്കരന്‍ ചേട്ടന്‍ വല്ലാത്ത മറവിക്കാരനാ...

മഴക്കാലമായതുകൊണ്ട്‌ നല്ല മീനൊന്നും കിട്ടാനില്ലാത്തതുകൊണ്ട്‌ കുറച്ചു നല്ല മീന്‍ വാങ്ങിയേക്കാം എന്നു കരുതി ബസ്സില്‍ കണ്ണൂര്‍ ആയിക്കരയിലേക്ക്‌ പുറപ്പെട്ടു.
അവിടെയും മീനിനു തീവില. പക്ഷേ... നല്ല അയക്കൂറ മീന്‍ കിട്ടാനുണ്ട്‌.
ഏതായാലും ഇതുവരെ വന്നതല്ലെ എന്നു കരുതി 300 രൂപയ്ക്ക്‌ മീന്‍ വാങ്ങി തിരിച്ചു വരാന്‍ ബസ്സില്‍ കയറി. നാട്ടില്‍ എത്താറായപ്പോഴാണ് കുട കടല്‍ക്കരയില്‍ വെച്ചു മറന്ന കാര്യം ഓര്‍മ്മയില്‍ വന്നത്‌.

ഇനി തിരിച്ചുപോയാല്‍ അതു കിട്ടില്ലെന്ന് ഉറപ്പായ ശങ്കരന്‍ ചേട്ടന്‍ വളരെ വിഷമത്തോടെ ബസ്സിറങ്ങി. അപ്പോ ഒരു നാട്ടുകാരന്‍ ചോദിച്ചു "എന്താ ശങ്കരേട്ടാ ഒരു വിഷമം".
കുട കടപ്പുറത്ത്‌ വെച്ചുമറന്ന കാര്യം ശങ്കരേട്ടന്‍ പറഞ്ഞു.

നാട്ടുകാരന്‍: "എന്തിനാ ശങ്കരേട്ടാ കടപ്പുറത്ത്‌ പോയത്‌"

ശങ്കരേട്ടന്‍: "മീന്‍ വാങ്ങാന്‍"

നാട്ടുകാരന്‍: "എന്നിട്ട്‌ മീന്‍ വാങ്ങിയില്ലേ...?"

അപ്പൊഴാണ് ശങ്കരേട്ടന്‍ അക്കാര്യം ഓര്‍ത്തത്‌.

ശങ്കരേട്ടന്‍: "അയ്യോടാ... മീന്‍ ബസ്സിലും വെച്ചു മറന്നുപോയി..."

ഒരു കുടയും 300 രൂപയും ബസ്സിനു കൊടുത്ത കാശും പോയിക്കിട്ടിയതിന്റെ 'സന്തോഷമായിരുന്നു' അപ്പോള്‍ ശങ്കരേട്ടന്റെ മുഖത്ത്‌.

ഇതൊന്നുമില്ലാതെ വീട്ടില്‍ ചെന്നാലുള്ള ഭവിഷ്യത്തും ഓര്‍ത്തപ്പോള്‍ കാലുകള്‍ അറിയാതെ ചലിച്ചു. എങ്ങോട്ടാണെന്നോ... "കള്ളുഷാപ്പ്‌"

കയ്യില്‍ ബാക്കി ഉണ്ടായിരുന്നതും അതോടെ ഗോപി.

ഏന്റെ മുത്തപ്പാ...

മഴക്കാലമായതോടെ എന്റെ കൂട്ടുകാരന്റെ മഴക്കാലവിനോദവും തുടങ്ങി. എന്താ എന്നല്ലേ. തോട്ടില്‍ നിന്നും മീന്‍ പിടിക്കല്‍. ഒരു വലയും വെച്ച്‌ കുറേ സമയം തോട്ടിന്‍ കരയില്‍ കുത്തിയിരുന്നിട്ടും ഒരു ചെറു മീന്‍ പോലും കിട്ടാതിരുന്നപ്പോള്‍ അവന്‍ പറഞ്ഞു.

"എന്റെ മുത്തപ്പാ... ഞാന്‍ എത്ര സമയമായി ഇതും വെച്ചിരിക്കാന്‍ തുടങ്ങിയിട്ട്‌... ഇതുവരെ ഒരു മീന്‍ പോലും കിട്ടിയില്ലല്ലോ... ഒരു നല്ല മീനിനെ കിട്ടിയാല്‍ ഒരു പൈങ്കുറ്റിവെള്ളാട്ടം നേര്‍ന്നേക്കാമേ... എന്റെ പൊന്നുമുത്തപ്പാ..."

അതു പറഞ്ഞുകഴിഞ്ഞതും വലയില്‍ ഒരനക്കം. അവന്‍ വല ഒന്നു പൊക്കിനോക്കി. അതാ അതില്‍ കിടക്കുന്നു നല്ല മൂന്ന് തോട്ടുമീന്‍.

അപ്പൊ അവന്‍ പറഞ്ഞു

"എന്തോന്ന് മുത്തപ്പന്‍... ഇതു ഞാന്‍ കഷ്ടപ്പെട്ടു പിടിച്ചതല്ലേ... എന്നിട്ട്‌ ഈ മുത്തപ്പന് പൈങ്കുറ്റിവെള്ളാട്ടമോ... എന്തിന് "

ഇത്രയും പറഞ്ഞു കഴിഞ്ഞതും വലയിലുള്ള മീനുകള്‍ തോട്ടിലേക്ക്‌ തന്നെ ചാടിപ്പോയി.
അവന്‍ സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു.

"ഏന്റെ മുത്തപ്പാ എന്താ ഇത്‌... ഈ മുത്തപ്പനോട്‌ ഒരു തമാശ പോലും പറയാന്‍ പറ്റില്ല എന്നായോ..."

ഞാനോ... അതോ നീയോ...

കോരേട്ടനും കുമാരേട്ടനും ചങ്ങാതിമാരാണ്.
രണ്ടുപേര്‍ക്കും തീരെ ചെവി കേള്‍ക്കില്ല.
എന്നാലോ... അതിന്റെ അഹങ്കാരം ഒട്ടും ഇല്ലതാനും.

റേഷന്‍ കടയിലേക്ക്‌ പോകാന്‍ സഞ്ചിയും റേഷന്‍ കാര്‍ഡുമായി വരികയായിരുന്നു കോരേട്ടന്‍.

കുമാരേട്ടന്‍: "കോരാ... റേഷന്‍ പീട്യേലേക്കാണോ...?"
കോരേട്ടന്‍: "ഏയ്‌... അല്ല. റേഷന്‍ പീട്യേലേക്കാ..."
കുമാരേട്ടന്‍: "ഓ... ഞാന്‍ വിചാരിച്ചു റേഷന്‍ പീട്യേലേക്കാണെന്ന്"

വിക്ക്

രണ്ടുപേര്‍ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്നു.അപ്പോള്‍ അവിടെ വേറൊരാളും കുടി എത്തി.
കയ്യില്‍ വാച്ച്‌ കെട്ടിയ ആളോട്‌ വന്നയാള്‍ ചോദിച്ചു.
"സ സമയം എ എ എത്രയായി".
അയാള്‍ക്ക്‌ വിക്കുണ്ടായിരുന്നു.

പക്ഷേ... കയ്യില്‍ വാച്ചുണ്ടായിരുന്നയാള്‍ ഒന്നും പറഞ്ഞില്ല.
വീണ്ടും ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല.

ഇതു കണ്ടുനില്‍ക്കുകയായിരുന്ന മാന്യന്‍ കയ്യില്‍ വാച്ച്‌ കെട്ടിയ ആളോട്‌ "ഇയാളെന്താ... ആ പാവത്തിന് സമയം പറഞ്ഞുകൊടുക്കാതിരുന്നത്‌"

കയ്യില്‍ വാച്ച്‌ കെട്ടിയ ആള്‍: "എ എ എന്നിട്ട്‌ വേ വേണം എനിക്ക്‌ ത ത തല്ല് കിട്ടുന്നത്‌ ഇ ഇയാള്‍ക്ക്‌ കാണാന്‍ അ അ അല്ലേ..."

ഇരുട്ടല്‍

ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത്‌ വൈകുന്നേരം കമ്പ്യൂട്ടര്‍ ക്ലാസ്സും കഴിഞ്ഞു കണ്ണൂര്‍ ബസ്റ്റാന്റിലേക്ക്‌ തമാശകള്‍ പറഞ്ഞുകൊണ്ട്‌ നടക്കുക പതിവായിരുന്നു. ഒരു ദിവസം സ്റ്റാന്റിലെത്താന്‍ വൈകിയപ്പോള്‍ ഇരിട്ടിയിലേക്ക്‌ പോകേണ്ടിയിരുന്ന എന്റെ കൂട്ടുകാരി ഒരു ബസ്സിന്റെ ക്ലീനറോട്‌ ഇങ്ങനെ ചോദിച്ചു.

"ഈ ബസ്സ്‌ ഇരിട്ടിയില്‍ എത്താന്‍ ഇരുട്ടുമോ..?"

ചോദ്യത്തിന്റെ അതേ താളത്തില്‍ ക്ലീനര്‍ പറഞ്ഞു.

"ഞങ്ങള്‍ ഉരുട്ടിയാല്‍ ഇരിട്ടിയിലെത്താന്‍ ഇരുട്ടും; പക്ഷെ... ഞങ്ങള്‍ ഉരുട്ടില്ല... അതുകൊണ്ട്‌ ഇരുട്ടില്ല..."

സോമാലിയയിലെ പൂച്ച

ലോകപൂച്ചമഹാസമ്മേളനം നടക്കുകയാണ് അമേരിക്കയില്‍. എല്ലാ രാജ്യത്തുനിന്നും വിവിധ ഇനം പൂച്ചകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും ശക്തിമാനായ പൂച്ചയെ കണ്ടെത്താനുള്ള മത്സരങ്ങളുടെ ഫലം പുറത്ത്‌ വന്നപ്പോല്‍ എല്ലാവര്‍ക്കും അത്ഭുതം. ജയിച്ചത്‌ പട്ടിണിപ്പാവങ്ങളുടെ നാടായ സോമാലിയയിലെ ഒരു മെലിഞ്ഞ പൂച്ച. പത്രക്കാരെല്ലാം ആ പൂച്ചയെ വളഞ്ഞു. ഇതിന്റെ രഹസ്യമെന്താണെന്നറിയണമല്ലോ. ഒടുവില്‍ മലയാളിയായ ഒരു പത്രക്കാരനോട്‌ പൂച്ച ആ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു.
" ഞാന്‍ സോമാലിയയിലെ പൂച്ച അല്ല; പുലിയാ..."