ഏന്റെ മുത്തപ്പാ...

മഴക്കാലമായതോടെ എന്റെ കൂട്ടുകാരന്റെ മഴക്കാലവിനോദവും തുടങ്ങി. എന്താ എന്നല്ലേ. തോട്ടില്‍ നിന്നും മീന്‍ പിടിക്കല്‍. ഒരു വലയും വെച്ച്‌ കുറേ സമയം തോട്ടിന്‍ കരയില്‍ കുത്തിയിരുന്നിട്ടും ഒരു ചെറു മീന്‍ പോലും കിട്ടാതിരുന്നപ്പോള്‍ അവന്‍ പറഞ്ഞു.

"എന്റെ മുത്തപ്പാ... ഞാന്‍ എത്ര സമയമായി ഇതും വെച്ചിരിക്കാന്‍ തുടങ്ങിയിട്ട്‌... ഇതുവരെ ഒരു മീന്‍ പോലും കിട്ടിയില്ലല്ലോ... ഒരു നല്ല മീനിനെ കിട്ടിയാല്‍ ഒരു പൈങ്കുറ്റിവെള്ളാട്ടം നേര്‍ന്നേക്കാമേ... എന്റെ പൊന്നുമുത്തപ്പാ..."

അതു പറഞ്ഞുകഴിഞ്ഞതും വലയില്‍ ഒരനക്കം. അവന്‍ വല ഒന്നു പൊക്കിനോക്കി. അതാ അതില്‍ കിടക്കുന്നു നല്ല മൂന്ന് തോട്ടുമീന്‍.

അപ്പൊ അവന്‍ പറഞ്ഞു

"എന്തോന്ന് മുത്തപ്പന്‍... ഇതു ഞാന്‍ കഷ്ടപ്പെട്ടു പിടിച്ചതല്ലേ... എന്നിട്ട്‌ ഈ മുത്തപ്പന് പൈങ്കുറ്റിവെള്ളാട്ടമോ... എന്തിന് "

ഇത്രയും പറഞ്ഞു കഴിഞ്ഞതും വലയിലുള്ള മീനുകള്‍ തോട്ടിലേക്ക്‌ തന്നെ ചാടിപ്പോയി.
അവന്‍ സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു.

"ഏന്റെ മുത്തപ്പാ എന്താ ഇത്‌... ഈ മുത്തപ്പനോട്‌ ഒരു തമാശ പോലും പറയാന്‍ പറ്റില്ല എന്നായോ..."

3 comments:

മെലോഡിയസ് said...

പാ‍ലം കടക്കുവോളം നാരായണാ..നാരായണാ..അതാണ് കൂട്ടുകാരന്റെ ലൈന്‍ ല്ലേ?

ശ്രീ മുത്തപ്പന്‍ Sree Muthapan said...

പാലം കടക്കുവോളം മുത്തപ്പാ..മുത്തപ്പാ എന്നു തിരുത്തിപ്പറയു.

Visala Manaskan said...

ഹഹ..

ആര്‍ക്ക് പോയി??
മുത്തപ്പന് പോയി.