മറവി

ശങ്കരന്‍ ചേട്ടന്‍ വല്ലാത്ത മറവിക്കാരനാ...

മഴക്കാലമായതുകൊണ്ട്‌ നല്ല മീനൊന്നും കിട്ടാനില്ലാത്തതുകൊണ്ട്‌ കുറച്ചു നല്ല മീന്‍ വാങ്ങിയേക്കാം എന്നു കരുതി ബസ്സില്‍ കണ്ണൂര്‍ ആയിക്കരയിലേക്ക്‌ പുറപ്പെട്ടു.
അവിടെയും മീനിനു തീവില. പക്ഷേ... നല്ല അയക്കൂറ മീന്‍ കിട്ടാനുണ്ട്‌.
ഏതായാലും ഇതുവരെ വന്നതല്ലെ എന്നു കരുതി 300 രൂപയ്ക്ക്‌ മീന്‍ വാങ്ങി തിരിച്ചു വരാന്‍ ബസ്സില്‍ കയറി. നാട്ടില്‍ എത്താറായപ്പോഴാണ് കുട കടല്‍ക്കരയില്‍ വെച്ചു മറന്ന കാര്യം ഓര്‍മ്മയില്‍ വന്നത്‌.

ഇനി തിരിച്ചുപോയാല്‍ അതു കിട്ടില്ലെന്ന് ഉറപ്പായ ശങ്കരന്‍ ചേട്ടന്‍ വളരെ വിഷമത്തോടെ ബസ്സിറങ്ങി. അപ്പോ ഒരു നാട്ടുകാരന്‍ ചോദിച്ചു "എന്താ ശങ്കരേട്ടാ ഒരു വിഷമം".
കുട കടപ്പുറത്ത്‌ വെച്ചുമറന്ന കാര്യം ശങ്കരേട്ടന്‍ പറഞ്ഞു.

നാട്ടുകാരന്‍: "എന്തിനാ ശങ്കരേട്ടാ കടപ്പുറത്ത്‌ പോയത്‌"

ശങ്കരേട്ടന്‍: "മീന്‍ വാങ്ങാന്‍"

നാട്ടുകാരന്‍: "എന്നിട്ട്‌ മീന്‍ വാങ്ങിയില്ലേ...?"

അപ്പൊഴാണ് ശങ്കരേട്ടന്‍ അക്കാര്യം ഓര്‍ത്തത്‌.

ശങ്കരേട്ടന്‍: "അയ്യോടാ... മീന്‍ ബസ്സിലും വെച്ചു മറന്നുപോയി..."

ഒരു കുടയും 300 രൂപയും ബസ്സിനു കൊടുത്ത കാശും പോയിക്കിട്ടിയതിന്റെ 'സന്തോഷമായിരുന്നു' അപ്പോള്‍ ശങ്കരേട്ടന്റെ മുഖത്ത്‌.

ഇതൊന്നുമില്ലാതെ വീട്ടില്‍ ചെന്നാലുള്ള ഭവിഷ്യത്തും ഓര്‍ത്തപ്പോള്‍ കാലുകള്‍ അറിയാതെ ചലിച്ചു. എങ്ങോട്ടാണെന്നോ... "കള്ളുഷാപ്പ്‌"

കയ്യില്‍ ബാക്കി ഉണ്ടായിരുന്നതും അതോടെ ഗോപി.