ഇക്ക

ഒരു ഹൈസ്കൂള്‍ മലയാളം അധ്യാപിക ആണ് എന്‍റെ ഒരു ചേച്ചി.  മുസ്ലിം വിദ്യാര്‍ഥികള്‍ ധാരാളം ഉള്ള ക്ലാസ്സ്‌ ആയിരുന്നു മിക്കതും.  ഒരിക്കല്‍ എട്ടാം ക്ലാസ്സിലെ മലയാളം അധ്യാപനത്തിന് ഇടയില്‍ ഒരു വികൃതി കുട്ടിയുടെ നോട്ട് പുസ്തകം പരിശോദിച്ചപ്പോള്‍ അതില്‍ 'മഴക്കാലം' എന്ന വാക്ക് 'മയകാലം' എന്ന് എഴുതിയത് ശരിയാക്കി എഴുതാന്‍ ടീച്ചര്‍ അവനോടു പറഞ്ഞു.  അവന്‍ 'മഴകാലം' എന്ന് എഴുതി ടീച്ചറെ കാണിച്ചു.  'ക്ക' എന്ന കൂട്ടക്ഷരം 'ക' എന്ന് മാത്രം എഴുതി പിന്നെയും തെറ്റിച്ചപ്പോള്‍ അല്പം ദേഷ്യത്തോടെ ടീച്ചര്‍ അവനോടു ചോദിച്ചു..." ഡാ..  നിന്‍റെ 'ക്ക' എവിടെ...?” എന്ന്.

അപ്പൊ അവന്‍ പറഞ്ഞു. "ക്ക ടെന്‍ത്ത് ബീയിലാ ടീച്ചറെ..."

അവന്‍ തന്നെ കളിയാക്കിയതാണോ എന്ന് സംശയിച്ച ടീച്ചറോട് മറ്റു കുട്ടികള്‍ പറഞ്ഞു...

"ശരിയാ ടീച്ചറെ... ഇവന്‍റെ 'ഇക്ക'  ടെന്‍ത്ത് ബീയില്‍ ആണ്"

അപ്പോള്‍ മാത്രമാണ് 'ക്ക' യുടെ അര്‍ത്ഥ വ്യാപ്തി ടീച്ചര്‍ക്ക് മനസ്സിലായത്




തലവേദന

തലവേദനയുടെ ആയുര്‍വേദ ചികിത്സക്ക് പോയ എന്റെ അമ്മക്ക്‌ അടുത്ത തവണ പോകുമ്പോള്‍പൂരിപ്പിച്ച് കൊടുക്കാന്‍ കിട്ടിയ ഫോറം അമ്മ വായിക്കുകയായിരുന്നു. വീട്ടില്‍ വേറെ ആര്‍ക്കെന്ഖിലുംതലവേദന ഉണ്ടോ? എന്നത് വായിച്ചപ്പോ
അച്ചന്‍ : എല്ലാവര്‍ക്കും ഉണ്ട്
അമ്മ : എന്നിട്ട് ഞാന്‍ അറിഞ്ഞില്ലല്ലോ...
അച്ചന്‍ : നീ എങ്ങനെ അറിയാനാ... നീ ആണല്ലോ നമ്മുടെ തലവേദന...

നിനച്ചിരിക്കാതെ കിട്ടിയ പണി

പാമ്പ് കടിയേറ്റു ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കിടക്കുകയാണ് എന്റെ ഒരു കൂട്ടുകാരന്‍ എന്ന്അറിഞ്ഞാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയത്‌. കുറെ സമയം പുറത്തു കാത്തു നിന്ന അവന്റെ ഒരുനാട്ടുകാരന്‍ വെറുതെ ഇരുന്നു മടുത്തപ്പോ... അവിടെ ഉണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവരോട് കുശലം പറയാന്‍ ചെന്നു‌.
സാദാരണ പോലെ... അദ്ദേഹം കുശലം തുടങ്ങി..
"എന്തൊക്കെയാ... പണി ഒക്കെ ഇല്ലേ... "
ആംബുലന്‍സ് ഡ്രൈവര്‍ : "ഇപ്പൊ കുറച്ചു കുറവാ.. എന്താ ഒരു പണി തരുന്നോ..??"

കൂട്ടുകാരന്റെ അവസ്ഥ ആലോചിച്ചപ്പോ ... പിന്നെ ഒന്നും തന്നെ പറയാന്‍ അദ്ധേഹത്തിന്റെ നാവ്‌ പൊങ്ങിയില്ലാ.

നല്ല സമയം

പ്രമുഖ വാച്ച് നിര്‍മാതാക്കള്‍ ആയ 'ടൈറ്റാന്‍' കമ്പനിയുടെ കണ്ണൂര്‍ സിറ്റി സെന്റെര്‍ ഷോറൂമിലെ സെയില്‍സ്‌ മാന്‍ ആണ് എന്റെ ഒരു സ്നേഹിതന്‍. കുറച്ചു കാലം മുന്നേ അവരുടെ കമ്പനിയുടെ റേഡിയോ പരസ്യം ഇങ്ങനെ ആയിരുന്നു.

"ചേട്ടാ സമയം എത്രയായി?"
"നല്ല സമയം തന്നെ"

"മോനേ സമയം എത്രയായി"
"നല്ല സമയം തന്നെ"

അതായത്‌ ആര് സമയം ചോദിച്ചാലും "നല്ല സമയം തന്നെ" എന്നാണു മറുപടി.

പരസ്യം കേട്ടുതുടങ്ങിയ സമയത്ത് ഒരു ദിവസം... വെറുതെ ഷോപ്പിനു പുറത്തിറങ്ങിയ എന്റെസ്നേഹിതന് അടുത്തേക്ക്‌
ചെറിയ ഒരു ചിരിയോടെ ഒരു പെണ്‍കുട്ടി നടന്നു വന്നു. എന്നിട്ട് ചോദിച്ചു...
"ചേട്ടാ... സമയം എത്ര ആയി"
പെട്ടെന്ന് തന്നെ വാച്ച് നോക്കി അവന്‍ പറഞ്ഞു..
"നാലേ കാലായി"
അപ്പൊ പെണ്‍കുട്ടി ചിരിഅടക്കിക്കൊണ്ട് ചോദിച്ചു...
"അപ്പൊ നല്ല സമയം അല്ല അല്ലേ....."

എന്നോട്‌ ഇതു പറയുമ്പോഴും അവന്റെ മുഖത്തുണ്ടായിരുന്നു അന്നത്തെ ആ ചമ്മല്‍.

തൂങ്ങി മരണം

കോളേജില്‍ പഠിക്കുന്ന കാലത്ത് അത്യാവശ്യം പോക്കറ്റ് മണിക്ക് വേണ്ടി പത്രം കൊണ്ടുനടന്ന കാലം. എനിക്ക് അസൗകര്യം ഉള്ളപ്പോ എന്നെ ഹെല്‍പ്പ് ചെയ്തിരുന്നത് എന്‍റെ ഒരു കൂടുകാരന്‍ ആയിരുന്നു. അവന്‍ എന്നെക്കാള്‍ നേരത്തേ പത്രം കൊടുത്തു തിരിച്ചു വരുമായിരുന്നു. അത് കൊണ്ടു തന്നേ വളരെ നേരത്തേ പുറപ്പെടും. വെളിച്ചം വരുന്നതിനു മുന്നേ തന്നേ അന്നും അവന്‍ പത്രം കൊണ്ടു പുറപ്പെട്ടു. കുറച്ചു ദൂരം ചെന്നപ്പോള്‍ അവന്‍ ആ കാഴ്ച കണ്ടു പൊതുവെ ദൈര്യം നടിക്കാറുള്ള അവന്‍ പേടിച്ചു വിറച്ചു. റോഡിനു അരികെ ഉള്ള ഒരു മരത്തില്‍ വെളുത്ത മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ച ഒരാള്‍ തൂങ്ങി മരിച്ചിരിക്കുന്നു. ഒരു തവണയെ അവന്‍ അത് നോക്കിയുള്ളു‌ വീണ്ടും നോക്കാന്‍ അവന്റെ ദൈര്യം സമ്മതിച്ചില്ലാ. സര്‍വ്വ ശക്തിയും എടുത്ത് സൈക്കിള്‍ ആഞ്ഞു ചവിട്ടി ഒരു വിധം അവിടെ നിന്നും രക്ഷപ്പെട്ടു. അന്നത്തെ പത്രം ഒക്കെ പെട്ടെന്ന് കൊടുത്ത് തീര്‍ത്ത് അവന്‍ പെട്ടെന്ന് മടങ്ങി വന്നു. അവിടെ ഇപ്പൊ ആളുകള്‍ കൂടിയിട്ടുണ്ടാകും എന്ന് അവന് തോന്നി. ദൂരെ നിന്നു നോക്കി. ഇല്ല അവിടെ ആരും തന്നെ ഇല്ല. പക്ഷെ തൂങ്ങി മരിച്ച ആളെ ദൂരെ നിന്നു തന്നെ കാണാം.

അവന്‍ പേടിയോടെ അതിന് അടുത്തെത്തി... തൂങ്ങി നിന്ന ആള്‍ തന്നെ നോക്കി ചിരിക്കുന്നു. അവനും ചിരി അടക്കാനായില്ല. അപ്പോഴാണ്‌ അവന് ശ്വാസം നേരെ വീണത്. ആ സമയം ഒരു വോട്ടെടുപ്പ് കാലമായതിനാല്‍ സ്ഥാനാര്‍ഥിയുടെ ഒരു പൂര്‍ണ്ണകായ ഫോട്ടോ തൂക്കിയിട്ടിരിക്കുകയായിരുന്നു. വെളിച്ചം കുറവായതിനാല്‍ വെളുത്ത രൂപം മാത്രമെ അവന്‍ കണ്ടുള്ളു‌

കുഞ്ഞുമനസ്സിലെ ജിജ്ഞാസ

എന്തിനും ചോദ്യങ്ങള്‍ ചോദിക്കുക എന്നത് കൊച്ചുകുട്ടികളുടെ ശീലമാണ്.
അതെന്താ?... ഇതെന്താ?... എന്നൊക്കെ അവര്‍ ചൊദിച്ചുകൊന്ടിരിക്കും.
ഐശ്വര്യമോളും അങ്ങനെയാണ്.

ഒരിക്കല്‍ ഏതോ ഒരു പത്രത്തിന്റ്റെ ചരമകോളം അടങ്ങിയ പേജ് അമ്മയെക്കാട്ടി അവള്‍ പറഞ്ഞു
''നോക്കമ്മെ, എത്ര ആളാ... പാസ്സായെ.''

ഇതിനുമുന്നെ ഒരു കോളേജ് പരസ്യത്തിലെ കുട്ടികളുടെ ഫോട്ടോ ഉള്ള പേജ് കാണിച്ചപ്പോള്‍ അത് പാസ്സായ കുട്ടികളുടെ ഫോട്ടോ ആണെന്ന് പറഞ്ഞുകൊടുത്ത കാര്യം ആ അമ്മ ഓര്‍ത്തു. എന്നിട്ട് ആ അമ്മ ഇങ്ങനെ പറഞ്ഞു ''മോളേ... ഇതു പാസ്സായവരുടെ ഫോട്ടൊ അല്ല... ഇതൊക്കെ മരിച്ചുപോയവരുടെ ഫോട്ടോ ആ..." കാര്യം മനസ്സിലായെന്നവണ്ണം അവള്‍ പത്രത്താളുമായ് പുറത്തേക്കോടി.

അടുത്തദിവസം വേറൊരു പത്രത്താളുമായി ഐശ്വര്യമോള്‍ അമ്മയുടെ അടുത്തെത്തി
''അമ്മേ ദേ... ഇതുനോക്കൂ... എത്ര പിള്ളേരാ മരിച്ചുപോയെ... പാവം അല്ലെ അമ്മേ..."

അതു വാങ്ങി നോക്കിയ ആ അമ്മക്ക് ചിരി അടക്കാനായില്ല.
അത് കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ ഒരു കോളേജ് പരസ്യമായിരുന്നു.

ഫലൂദയും പിന്നെ....

കോളജില്‍ പഠിക്കുന്ന കാലത്ത്‌ അതിനടുത്തുള്ള ഒരു ഐസ്ക്രീം പാര്‍ലറില്‍ വല്ലപ്പോഴുമൊക്കെ പോയി കുറച്ചു സമയം ചിലവഴിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങള്‍ നാലുപേര്‍ ഫലൂദ കഴിച്ചുകഴിഞ്ഞിട്ടും എന്തൊക്കെയോ തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത്‌ കൂട്ടുകാരന്റെ കൈ തട്ടി ഒരു ഗ്ലാസ്സ്‌ താഴെവീണുടഞ്ഞു. അതുവരെ തമാശ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ മുഖം പെട്ടെന്ന് മ്ലാനമായി. പാര്‍ലര്‍ ഉടമ വഴക്കു പറയുമോ എന്നു പേടിച്ചുകൊണ്ടു എന്റെ കൂട്ടുകാരന്‍ കാശ്‌ കൊടുക്കാന്‍ നേരം ഇങ്ങനെയാ പറഞ്ഞത്‌

"നാലു ഫലൂദയും ഒരു ഗ്ലാസ്സും"

ഞങ്ങള്‍ സ്തിരം സന്ദര്‍ശകരായതു കൊണ്ടാകാം അദ്ദേഹം ഒരു ചെറുപുഞ്ചിയോടെ "സാരമില്ല" എന്നു പറഞ്ഞതോടെ ഞങ്ങളിലെ മ്ലാനക്കിളി പറന്നുപോയി.

ടിഷ്യൂ പേപ്പര്‍

തന്റെ ദുബായിലുള്ള കടയിലേക്ക്‌ ഒരാളെ വേണമല്ലോ എന്നു കരുതിയാണ് പ്രകാശന്‍ ഷിജുവിനെ ദുബായിലേക്ക്‌ കൂട്ടിയത്‌. അവന്‍ ആളൊരു നിഷ്കളങ്കനായിരുന്നു. കടയില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി അവനോടു പ്രകാശന്‍ പറഞ്ഞു

"ആരെങ്കിലും എന്തെങ്കിലും സാധനത്തിനു വന്നാല്‍ ആ സാധനം സ്റ്റോക്കില്ലെങ്കില്‍ അയാളെ വെറുതെ മടക്കി അയക്കരുത്‌. അവര്‍ ആവശ്യപ്പെട്ട പോലുള്ള വേറെ എന്തെങ്കിലും സാധനം എടുക്കാന്‍ പ്രേരിപ്പിക്കണം" എന്ന്.

ഒരു ദിവസം ഒരാള്‍ കടയില്‍ വന്നു പറഞ്ഞു "രണ്ടു പേക്കറ്റ്‌ ടിഷ്യൂ പേപ്പര്‍"

അതു സ്റ്റോക്കില്ലെന്ന കാര്യം ഓര്‍ത്ത ഷിജു ഇങ്ങനെ ചോദിച്ചു

"ടിഷ്യൂ പേപ്പര്‍ സ്റ്റോക്കില്ല... കുറച്ചു സാന്റ്‌ പേപ്പര്‍ എടുക്കട്ടെ...???"

ഒന്നും കൊടുക്കാതെ മടക്കി അയക്കരുതല്ലോ...!

വിലപേശല്‍

ഇന്നത്തെ ഉപഭോഗസംസ്കാരത്തില്‍ കിട്ടേട്ടനെപ്പോലുള്ളവര്‍ക്കേ ജീവിക്കാന്‍ പറ്റൂ. എന്തു സാധനം വാങ്ങുമ്പോഴും വിലപേശി പരമാവധി ചെറിയ വിലകൊടുത്ത്‌ കരസ്തമാക്കുക എന്നത്‌ കിട്ടേട്ടന്റെ ശീലമായിപ്പോയി. അധികമൊന്നും ബസ്സില്‍ യാത്ര ചെയ്യാത്ത നാട്ടിന്‍പുറത്തുകാരനായ നമ്മുടെ കിട്ടേട്ടന്‍ ഒരിക്കല്‍ ഒരത്യാവശ്യകാര്യത്തിനായി കണ്ണൂരിലേക്ക്‌ പോകുവാനായി ബസ്സില്‍ കയറി.

"ടിക്കറ്റ്‌ ടിക്കറ്റ്‌"
കണ്ടക്ടര്‍ അടുത്തെത്തി.

കണ്ടക്ടര്‍ : "എങ്ങോട്ടാ..."

കിട്ടേട്ടന്‍ : "കണ്ണൂരേക്ക്‌ എത്രയാ പൈസ...?"

കണ്ടക്ടര്‍ : "പത്തുര്‍പ്യ"

കിട്ടേട്ടന്‍ : "ചൊവ്വക്കേക്കോ...?"

കണ്ടക്ടര്‍ : "എട്ടേ അമ്പത്‌"

അതു കേട്ടതും കണ്ണൂരിലേക്ക്‌ പോകേണ്ടിയിരുന്ന നമ്മുടെ കിട്ടേട്ടന്‍ പറഞ്ഞു.

"എന്നാ... ഒരു ചൊവ്വ"

മറവി

ശങ്കരന്‍ ചേട്ടന്‍ വല്ലാത്ത മറവിക്കാരനാ...

മഴക്കാലമായതുകൊണ്ട്‌ നല്ല മീനൊന്നും കിട്ടാനില്ലാത്തതുകൊണ്ട്‌ കുറച്ചു നല്ല മീന്‍ വാങ്ങിയേക്കാം എന്നു കരുതി ബസ്സില്‍ കണ്ണൂര്‍ ആയിക്കരയിലേക്ക്‌ പുറപ്പെട്ടു.
അവിടെയും മീനിനു തീവില. പക്ഷേ... നല്ല അയക്കൂറ മീന്‍ കിട്ടാനുണ്ട്‌.
ഏതായാലും ഇതുവരെ വന്നതല്ലെ എന്നു കരുതി 300 രൂപയ്ക്ക്‌ മീന്‍ വാങ്ങി തിരിച്ചു വരാന്‍ ബസ്സില്‍ കയറി. നാട്ടില്‍ എത്താറായപ്പോഴാണ് കുട കടല്‍ക്കരയില്‍ വെച്ചു മറന്ന കാര്യം ഓര്‍മ്മയില്‍ വന്നത്‌.

ഇനി തിരിച്ചുപോയാല്‍ അതു കിട്ടില്ലെന്ന് ഉറപ്പായ ശങ്കരന്‍ ചേട്ടന്‍ വളരെ വിഷമത്തോടെ ബസ്സിറങ്ങി. അപ്പോ ഒരു നാട്ടുകാരന്‍ ചോദിച്ചു "എന്താ ശങ്കരേട്ടാ ഒരു വിഷമം".
കുട കടപ്പുറത്ത്‌ വെച്ചുമറന്ന കാര്യം ശങ്കരേട്ടന്‍ പറഞ്ഞു.

നാട്ടുകാരന്‍: "എന്തിനാ ശങ്കരേട്ടാ കടപ്പുറത്ത്‌ പോയത്‌"

ശങ്കരേട്ടന്‍: "മീന്‍ വാങ്ങാന്‍"

നാട്ടുകാരന്‍: "എന്നിട്ട്‌ മീന്‍ വാങ്ങിയില്ലേ...?"

അപ്പൊഴാണ് ശങ്കരേട്ടന്‍ അക്കാര്യം ഓര്‍ത്തത്‌.

ശങ്കരേട്ടന്‍: "അയ്യോടാ... മീന്‍ ബസ്സിലും വെച്ചു മറന്നുപോയി..."

ഒരു കുടയും 300 രൂപയും ബസ്സിനു കൊടുത്ത കാശും പോയിക്കിട്ടിയതിന്റെ 'സന്തോഷമായിരുന്നു' അപ്പോള്‍ ശങ്കരേട്ടന്റെ മുഖത്ത്‌.

ഇതൊന്നുമില്ലാതെ വീട്ടില്‍ ചെന്നാലുള്ള ഭവിഷ്യത്തും ഓര്‍ത്തപ്പോള്‍ കാലുകള്‍ അറിയാതെ ചലിച്ചു. എങ്ങോട്ടാണെന്നോ... "കള്ളുഷാപ്പ്‌"

കയ്യില്‍ ബാക്കി ഉണ്ടായിരുന്നതും അതോടെ ഗോപി.

ഏന്റെ മുത്തപ്പാ...

മഴക്കാലമായതോടെ എന്റെ കൂട്ടുകാരന്റെ മഴക്കാലവിനോദവും തുടങ്ങി. എന്താ എന്നല്ലേ. തോട്ടില്‍ നിന്നും മീന്‍ പിടിക്കല്‍. ഒരു വലയും വെച്ച്‌ കുറേ സമയം തോട്ടിന്‍ കരയില്‍ കുത്തിയിരുന്നിട്ടും ഒരു ചെറു മീന്‍ പോലും കിട്ടാതിരുന്നപ്പോള്‍ അവന്‍ പറഞ്ഞു.

"എന്റെ മുത്തപ്പാ... ഞാന്‍ എത്ര സമയമായി ഇതും വെച്ചിരിക്കാന്‍ തുടങ്ങിയിട്ട്‌... ഇതുവരെ ഒരു മീന്‍ പോലും കിട്ടിയില്ലല്ലോ... ഒരു നല്ല മീനിനെ കിട്ടിയാല്‍ ഒരു പൈങ്കുറ്റിവെള്ളാട്ടം നേര്‍ന്നേക്കാമേ... എന്റെ പൊന്നുമുത്തപ്പാ..."

അതു പറഞ്ഞുകഴിഞ്ഞതും വലയില്‍ ഒരനക്കം. അവന്‍ വല ഒന്നു പൊക്കിനോക്കി. അതാ അതില്‍ കിടക്കുന്നു നല്ല മൂന്ന് തോട്ടുമീന്‍.

അപ്പൊ അവന്‍ പറഞ്ഞു

"എന്തോന്ന് മുത്തപ്പന്‍... ഇതു ഞാന്‍ കഷ്ടപ്പെട്ടു പിടിച്ചതല്ലേ... എന്നിട്ട്‌ ഈ മുത്തപ്പന് പൈങ്കുറ്റിവെള്ളാട്ടമോ... എന്തിന് "

ഇത്രയും പറഞ്ഞു കഴിഞ്ഞതും വലയിലുള്ള മീനുകള്‍ തോട്ടിലേക്ക്‌ തന്നെ ചാടിപ്പോയി.
അവന്‍ സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു.

"ഏന്റെ മുത്തപ്പാ എന്താ ഇത്‌... ഈ മുത്തപ്പനോട്‌ ഒരു തമാശ പോലും പറയാന്‍ പറ്റില്ല എന്നായോ..."

ഞാനോ... അതോ നീയോ...

കോരേട്ടനും കുമാരേട്ടനും ചങ്ങാതിമാരാണ്.
രണ്ടുപേര്‍ക്കും തീരെ ചെവി കേള്‍ക്കില്ല.
എന്നാലോ... അതിന്റെ അഹങ്കാരം ഒട്ടും ഇല്ലതാനും.

റേഷന്‍ കടയിലേക്ക്‌ പോകാന്‍ സഞ്ചിയും റേഷന്‍ കാര്‍ഡുമായി വരികയായിരുന്നു കോരേട്ടന്‍.

കുമാരേട്ടന്‍: "കോരാ... റേഷന്‍ പീട്യേലേക്കാണോ...?"
കോരേട്ടന്‍: "ഏയ്‌... അല്ല. റേഷന്‍ പീട്യേലേക്കാ..."
കുമാരേട്ടന്‍: "ഓ... ഞാന്‍ വിചാരിച്ചു റേഷന്‍ പീട്യേലേക്കാണെന്ന്"

വിക്ക്

രണ്ടുപേര്‍ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്നു.അപ്പോള്‍ അവിടെ വേറൊരാളും കുടി എത്തി.
കയ്യില്‍ വാച്ച്‌ കെട്ടിയ ആളോട്‌ വന്നയാള്‍ ചോദിച്ചു.
"സ സമയം എ എ എത്രയായി".
അയാള്‍ക്ക്‌ വിക്കുണ്ടായിരുന്നു.

പക്ഷേ... കയ്യില്‍ വാച്ചുണ്ടായിരുന്നയാള്‍ ഒന്നും പറഞ്ഞില്ല.
വീണ്ടും ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല.

ഇതു കണ്ടുനില്‍ക്കുകയായിരുന്ന മാന്യന്‍ കയ്യില്‍ വാച്ച്‌ കെട്ടിയ ആളോട്‌ "ഇയാളെന്താ... ആ പാവത്തിന് സമയം പറഞ്ഞുകൊടുക്കാതിരുന്നത്‌"

കയ്യില്‍ വാച്ച്‌ കെട്ടിയ ആള്‍: "എ എ എന്നിട്ട്‌ വേ വേണം എനിക്ക്‌ ത ത തല്ല് കിട്ടുന്നത്‌ ഇ ഇയാള്‍ക്ക്‌ കാണാന്‍ അ അ അല്ലേ..."

ഇരുട്ടല്‍

ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത്‌ വൈകുന്നേരം കമ്പ്യൂട്ടര്‍ ക്ലാസ്സും കഴിഞ്ഞു കണ്ണൂര്‍ ബസ്റ്റാന്റിലേക്ക്‌ തമാശകള്‍ പറഞ്ഞുകൊണ്ട്‌ നടക്കുക പതിവായിരുന്നു. ഒരു ദിവസം സ്റ്റാന്റിലെത്താന്‍ വൈകിയപ്പോള്‍ ഇരിട്ടിയിലേക്ക്‌ പോകേണ്ടിയിരുന്ന എന്റെ കൂട്ടുകാരി ഒരു ബസ്സിന്റെ ക്ലീനറോട്‌ ഇങ്ങനെ ചോദിച്ചു.

"ഈ ബസ്സ്‌ ഇരിട്ടിയില്‍ എത്താന്‍ ഇരുട്ടുമോ..?"

ചോദ്യത്തിന്റെ അതേ താളത്തില്‍ ക്ലീനര്‍ പറഞ്ഞു.

"ഞങ്ങള്‍ ഉരുട്ടിയാല്‍ ഇരിട്ടിയിലെത്താന്‍ ഇരുട്ടും; പക്ഷെ... ഞങ്ങള്‍ ഉരുട്ടില്ല... അതുകൊണ്ട്‌ ഇരുട്ടില്ല..."

സോമാലിയയിലെ പൂച്ച

ലോകപൂച്ചമഹാസമ്മേളനം നടക്കുകയാണ് അമേരിക്കയില്‍. എല്ലാ രാജ്യത്തുനിന്നും വിവിധ ഇനം പൂച്ചകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും ശക്തിമാനായ പൂച്ചയെ കണ്ടെത്താനുള്ള മത്സരങ്ങളുടെ ഫലം പുറത്ത്‌ വന്നപ്പോല്‍ എല്ലാവര്‍ക്കും അത്ഭുതം. ജയിച്ചത്‌ പട്ടിണിപ്പാവങ്ങളുടെ നാടായ സോമാലിയയിലെ ഒരു മെലിഞ്ഞ പൂച്ച. പത്രക്കാരെല്ലാം ആ പൂച്ചയെ വളഞ്ഞു. ഇതിന്റെ രഹസ്യമെന്താണെന്നറിയണമല്ലോ. ഒടുവില്‍ മലയാളിയായ ഒരു പത്രക്കാരനോട്‌ പൂച്ച ആ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട്‌ ഇങ്ങനെ പറഞ്ഞു.
" ഞാന്‍ സോമാലിയയിലെ പൂച്ച അല്ല; പുലിയാ..."

ലഹരി

ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത്‌ എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരന് ഒരു സ്കൂട്ടര്‍ ഉണ്ടായിരുന്നു. പലപ്പോഴും അവന്‍ കോളജില്‍ എത്തിയിരുന്നത്‌ അതിലായിരുന്നു. ഒരിക്കല്‍ കണ്ണൂരിലെ ഒരു ബാറിലെ ചെറിയ പാര്‍ട്ടിയില്‍ പങ്കെടുത്തു സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അല്‍പ്പം മദ്യം കഴിച്ചിരുന്നെങ്കിലും സ്കൂട്ടറില്‍ കയറുമ്പോള്‍ അതിന്റെ ഇഫക്ട്‌ തലയിലെത്തിയിരുന്നില്ല. പക്ഷെ... പോയ്ക്കൊണ്ടിരിക്കും തോറും ഇഫക്ട്‌ കയറാന്‍ തുടങ്ങി. സമയം രാത്രിയും. താവക്കരയിലെ വണ്‍ വേയില്‍ ഇടതു ഭാഗത്തുകൂടെ പോകേണ്ട അവന്‍ പോയതോ വലതു ഭാഗത്തെ റോഡിലൂടെ. പെട്ടെന്ന് റോഡിന്റെ ഇടതുവശത്തുകൂടെ ഒരു ബൈക്ക്‌ വന്നു. അവന്‍ വലതുവശത്തേക്ക്‌ മാറ്റി, അപ്പോള്‍ വലതുവശത്തൂകൂടെ വേറൊരെണ്ണം വന്നപ്പോള്‍ ഇടതുവശത്തേക്കു മാറ്റി. പക്ഷേ.. അടുത്തതായി ഇടത്തുനിന്നും വലത്തുനിന്നും ഒരുമിച്ച്‌ രണ്ടു ബൈക്കുകള്‍ വരുന്നതു കണ്ട അവന്‍ പെട്ടെന്ന് എന്തുചെയ്യണമെന്നറിയാതെ മദ്യത്തിന്റെ ലഹരിയില്‍ രണ്ടു ബൈക്കുകള്‍ക്കും നടുവിലൂടെ പോകാന്‍ ശ്രമിച്ചു. പക്ഷെ എവിടെയോ ചെന്നിടിച്ച്‌ റോഡില്‍ തെറിച്ചുവീണ അവനെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവം അറിഞ്ഞ്‌ ഞങ്ങള്‍ ആശുപത്രിയില്‍ എത്തി വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. നീ എങ്ങിനെ റോഡില്‍ തെറിച്ചുവീണു എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ വേദന കടിച്ചമര്‍ത്തി അവന്‍ ഇങ്ങനെ പറഞ്ഞു.

" അവസാനം വന്നത്‌ രണ്ട്‌ ബൈക്കായിരുന്നില്ലെടാ... അതൊരു ലോറി ആയിരുന്നു"

അനൌണ്‍സ്മെന്ട്

എന്ടെ നാട്ടില്‍ എല്ലാ വര്‍ഷവും തയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ഒരു ഉത്സവമുണ്ട്‌. ഈ തെയ്യക്കോലങ്ങള്‍ കെട്ടിയാടപ്പെടുന്നത്‌ കൊയ്ത്തുകഴിഞ്ഞ ഒരു വയലിലാണ്. അതുകൊണ്ടുതന്നെ വയല്‍തിറ മഹോത്സവം എന്നാണ് അത്‌ അറിയപ്പെടുന്നത്‌. രണ്ടു ദിവസങ്ങളിലായാണ് ഉത്സവം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു ഉത്സവത്തിന്റെ രണ്ടാം ദിവസം, എല്ലാവരും അവസാനത്തെ തെയ്യക്കോലത്തിന്റെ ഉറഞ്ഞുതുള്ളലില്‍ മുഴുകിയിരിക്കുകയാണ്. ഇനിയുള്ള പണിയൊക്കെ പെട്ടെന്നു തീര്‍ത്തുകളയാം എന്നു കരുതിയ ഉത്സവപ്പറമ്പിലെ മൈക്ക്‌ ഓപ്പറേറ്റര്‍ അവിടെ സ്ഥാപിച്ചിരുന്ന ട്യൂബ്‌ ലൈറ്റുകളൊക്കെ അഴിച്ചു മാറ്റാന്‍ തുടങ്ങി. അപ്പോഴാണ് വയലിന്റെ വരമ്പിനുമുകളില്‍ക്കൂടിയിട്ട വയറിനുമുകളില്‍ ആള്‍ക്കാര്‍ കയറി നില്‍ക്കുന്നതു കണ്ടത്‌. ആള്‍ക്കാരോട്‌ മാറിനില്‍ക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും ആരും അതു കേട്ടതായി ഭാവിച്ചില്ല. അപ്പൊഴാണ് അദ്ദേഹത്തിനു അങ്ങനെയൊരു ബുദ്ധി ഉദിച്ചത്‌. അദ്ദേഹം നേരെ മൈക്ക്‌ സ്റ്റാളിലേക്ക്‌ ചെന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. "ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌...
ദയവായി വരമ്പത്തു നിന്നവര്‍ വയറിളക്കുക".

ഇളനീര്‍

എന്റെ പറമ്പിലെ തെങ്ങില്‍ ഇളനീര്‍ ഉണ്ടെങ്കിലും മറ്റുള്ളവരുടെ പറമ്പിലെ തെങ്ങില്‍ കയറി ഇളനീര്‍ പറിച്ചു കുടിക്കുക എന്നത്‌ ഞാന്‍ അടക്കമുള്ള എന്റെ നാട്ടിലെ യുവാക്കളുടെ ഒരു ഹരമായിരുന്നു. ഒരു ദിവസം നേരം ഇരുട്ടിത്തുടങ്ങിയ സമയത്ത്‌ ഇളനീര്‍ പറിക്കാനുള്ള ആന്നത്തെ യജ്ഞം ഞങ്ങള്‍ ആരംഭിച്ചു. സാധാരണ തെങ്ങില്‍ കയറാറുള്ള വിരുതന്‍ ഒരു ഉയരം കുറഞ്ഞ തെങ്ങ്‌ നോക്കി വലിഞ്ഞു കയറി. ആദ്യം ഒരു ഇളനീര്‍ വീഴുന്ന ഒച്ച കേട്ട്‌ താഴെ നിന്നവന്‍ ഒച്ച ഉണ്ടാക്കാതെ പറിക്കാന്‍ താക്കീത്‌ നല്‍കി. പക്ഷെ അടുത്തത്‌ ഒരു കുല ഇളനീര്‍ താഴെ വീണ ശബ്ദമാണ് കേട്ടത്‌. ഇതില്‍ അരിശം പൂണ്ട താഴെ നിന്നവന്‍ പറഞ്ഞു
"എടാ... നിന്നോട്‌ ഒച്ച ഇണ്ടാക്കാതെ പറിക്കാന്‍ പറഞ്ഞിട്ട്‌... നീയന്തിനാ ഒരു കുല മുഴുവന്‍ പറച്ചിട്ടേ..."

ഇതുകേട്ട്‌ തെങ്ങില്‍ കയറിയവന്‍ പറഞ്ഞു

"ഇതു കുലയല്ലടാ... ഞാനാ..."

ഇതു പറയുമ്പോള്‍ അവന്‍ താഴെ തെങ്ങിന്‍ ചുവട്ടില്‍ വീണുകിടക്കുകയായിരുന്നു

മോനെ ദിനേശാ...

എന്റെ വീടിനടുത്ത്‌ ദിനേശന്‍ എന്നൊരാള്‍ അനാദിക്കച്ചവടം ചെയ്തിരുന്ന കാലം.
ഒരുദിവസം ഒരു എട്ടോ ഒമ്പതോ പ്രായം തോന്നിക്കുന്ന ഒരു കൊച്ചുപയ്യന്‍ കയറിവന്നിട്ട്‌ പറഞ്ഞു

"മോനെ ദിനേശാ... രണ്ട്‌ ഉര്‍പ്യക്ക്‌ ദിനേശ്‌ ബീഡി"

പൊതുവേ സൗമ്യശീലക്കാരനായ ദിനേശേട്ടന്‍ ഒന്നു ഞെട്ടി.

ആരോ ബീഡി വാങ്ങാന്‍ വേണ്ടി പറഞ്ഞയച്ചതാണാ പയ്യനെ.

മോഹന്‍ലാല്‍ അഭിനയിച്ച 'നരസിംഹം' എന്ന സിനിമ പുറത്തുവന്ന സമയമായിരുന്നു അപ്പോള്‍. ആ കാര്യം നമ്മുടെ പാവം ദിനേശേട്ടനോ; ഇദ്ദേഹത്തിന്റെ പേര്‍ ദിനേശന്‍ എന്നാണെന്ന് ആ പയ്യനോ അറിഞ്ഞിരുന്നില്ല.

Rs. 500

നമ്മുടെ നാട്ടിലൊക്കെ മൊബൈല്‍ ഫോണ്‍ പ്രചാരം നേടിത്തുടങ്ങുന്ന കാലം. ഒരു പ്രമുഖ മൊബൈല്‍ കമ്പനി 500 രൂപക്ക്‌ (ബാക്കി തുക തവണകളായി അടച്ചാല്‍ മതി) ഒരു സൂപ്പര്‍ മൊബൈല്‍ വിപണിയില്‍ ഇറക്കിയ സമയം . 500 രൂപ കൊടുത്ത്‌ എന്റെ ഒരു കൂട്ടുകാരനും ആ മൊബൈല്‍ ഒന്നു കരസ്തമാക്കി. ഒരു ദിവസം ഒരു സിനിമ കാണുവാന്‍ വേണ്ടി നഗരത്തിലെ പ്രശസ്തമായ ഒരു ടാക്കീസില്‍ കയറി. സിനിമ കണ്ടുകൊണ്ടിരിക്കേ മൊബൈലില്‍ ഒരു കോള്‍ വന്നു. ഫോണ്‍ ചെവിയില്‍ വെച്ച്‌ സംസാരിക്കാന്‍ തുടങ്ങിയതും പുറകെ ഇരുന്ന ആരോ വിളിച്ചു കൂവി " അയ്യോ അഞ്ഞൂറ്..." (500 രൂപക്ക്‌ ആര്‍ക്കും കിട്ടും എന്നുള്ളതുകൊണ്ട്‌ നാട്ടുകാരുടെ ഇടയില്‍ ആ ഫോണിന് അങ്ങനെയൊരു വിളിപ്പേരുണ്ടായിരുന്നു) ഇതു കേട്ട്‌ അരിശം പൂണ്ട എന്റെ കൂട്ടുകാരന്‍ എഴുന്നേറ്റ്‌ നിന്ന്‌ വിളിച്ചുകൂവിയ മാന്യനോടായി ഉറക്കെ ചോദിച്ചു

" ബാക്കി നിന്റെ അച്ഛന്‍ അടക്വോ..."

അവിടെയിരുന്നുതന്നെ ആ സിനിമ മുഴുവന്‍ കാണാനുള്ള മാനസികശേഷി ആ മാന്യന് ഉണ്ടായിരുന്നില്ല എന്നാണ് പിന്നീടറിഞ്ഞത്‌.